കൊവിഡ് ടെസ്റ്റ് നടത്താത്ത ഒരാളെപ്പോലും നാളെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്

Keralam News

കൊവിഡ് ടെസ്റ്റ് നടത്താത്ത ഒരാളെപ്പോലും നാളെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഇന്നും നാളെയും പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ജില്ലയില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലാബുകള്‍ കൂടുതല്‍ പണം വാങ്ങിയാല്‍ നടപടി സ്വീകരിക്കും എന്നും ആശുപത്രികളില്‍ രോഗികളെ പാര്‍പ്പിക്കാന്‍ പരമാവധി സൗകര്യമൊരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന തല വിദഗ്ധ സമിതിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശുപാര്‍ശ ചെയ്തു. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

മാര്‍ക്കറ്റുകളില്‍ പകുതി അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അഗ്‌നിശമനസേന, നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടുതല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. വാര്‍ഡ് തല ജാഗ്രതാസമിതികള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 37,199 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.