വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം; ഞെട്ടല്‍ മാറാതെ പ്രവര്‍ത്തകരും നേതൃത്വവും

Keralam News

വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മുഖ്യപങ്ക് വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. മലപ്പുറം ഡി.സി.സി പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം ഫലപ്രഖ്യാപനം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ് വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം.

കോണ്‍ഗ്രസുകാരിലെ മുസ്ലിംലീഗുകാരന്‍ എന്ന വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വി വി പ്രകാശ്. എല്ലാ മുന്നണികളുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പല തവണ സീറ്റ് നല്‍കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിനു സീറ്റ് ലഭിച്ചത്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന് മലപ്പുറത്തെ കോണ്‍ഗ്രസ്സിന്റെ മുഖമായി മാറിയ നേതാവായിരുന്നു പ്രകാശ്. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് പ്രകാശിന്റെ ജനനം.എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എന്‍.എസ്.എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം.കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ വി.വി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.പിന്നീട് കെ.സി.വേണുഗോപാല്‍ പ്രസിഡണ്ടായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി.കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡണ്ടായ കെ.പി.സി.സി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി.വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടായി നിയമിതനായി.

സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍,എഫ്.സി.ഐ അഡൈ്വസറി ബോര്‍ഡ് അംഗം.ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം,എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

ഭാര്യ സ്മിത,മക്കള്‍ വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ),നിള ( നാലാം ക്ലാസ് ). ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പ്രശാന്ത് നിലമ്പൂര്‍ സഹോദരനാണ്.

Leave a Reply

Your email address will not be published.