സിദ്ധീഖ് കാപ്പനെതിരായ നീക്കങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നത് -ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി

Keralam News

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവിതം ദാരുണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ജയിലിലും ആശുപത്രിയിലും അദ്ദേഹം നേരിടുന്ന
ക്രൂരമായ മര്‍ദ്ദനങ്ങളും പ്രതികാര നടപടിയും മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിപ്പിക്കുന്നതാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍. എം. പി. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട സഹചര്യമാണുള്ളത്. അറസ്റ്റ് മുതല്‍ അദ്ദേഹം നേരിടേണ്ടി വന്ന ക്രൂരതകള്‍ മറ്റൊരു തടവുകരനു ഉണ്ടായിട്ടുണ്ടാവുമോ എന്നത് സംശയമാണ്.

പ്രമേഹരോഗിയായ അദ്ദേഹത്തിന് കൃത്യമായ ഭക്ഷണമോ ചികില്‍സയോ ലഭ്യമായിരുന്നില്ല. ഇതിനിടയിലാണ് ജയിലില്‍ കുഴഞ്ഞവീണ് താടിയെല്ല് തകര്‍ന്ന് പരിക്കേറ്റത്. ഒപ്പ0 കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ മൃഗ സമാനമായ സാഹചര്യമാണ് അദ്ദേഹം നേരിടുന്നത് . ചങ്ങലയില്‍ ബന്ധിച്ച് മലമൂത്ര വിസര്‍ജ്ജനം ചെയ്യാന്‍ പോലു0 ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നു
തന്റെ ജീവന്‍ ഏത് സമയവും അപായപ്പെടുത്തുമെന്നുമാണ് അദ്ദേഹം ഭാര്യയോട് ഇന്നലെ പറഞ്ഞത്. ഇന്നലെ വാര്‍ത്തയറിഞ്ഞ ഉടനെ ഞാനദ്ദേഹത്തിന്റെ ഭാര്യയെ ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞാന്‍ ഈ വിഷയം നേരത്തെ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു . ഇനിയും ഇക്കാര്യത്തില്‍ സാധ്യമായ എല്ലാവിധ ഇടപെടലുകളും നടത്തും.

യു.പിയിലെ മുന്‍ മുഖ്യ മന്ത്രി അഖിലേഷ് യാദവുമായും പാര്‍ലിമെന്റ് അംഗം ഡാനിഷ് അലിയുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. സംഭവത്തിന്റെ ഗൗരവം ബോധ്യ പ്പെടുത്തി വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദീഖ് കാപ്പന്റെ അറസ്റ്റിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നത് ആശാവഹമാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പി മാരുടെ സംയുക്ത ഹരജി രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് അയക്കും. കാപ്പന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ, ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു.

മലയാളിയായ പത്രപ്രവര്‍ത്തകന് ഉണ്ടായ ദുരന്തത്തില്‍ സംസ്ഥാന മുഖ്യ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദമായി മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം കിടക്കുന്ന മഥുരയിലെ കെ.എം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ഒരു കോവിഡ് ഹോസ്പിറ്റല്‍ കൂടി ആയത് കൊണ്ട് പുറത്തു നിന്ന് ആളുകള്‍ക്ക് പോയി ഡോക്ടറുമാരെയും മറ്റും കാണുന്നത് പ്രയാസമാണെങ്കിലും അതിനുള്ള സാധ്യതകള്‍ പറ്റുമോ എന്ന് നോക്കുവാന്‍ യു. പി മുസ്ലിം ലീഗിന്റെ നേതൃത്വ നിരയിലുള്ള ഡോ. മതീന്‍, ആഗ്ര മുസ്ലിം ലീഗിന്റെ പ്രസിഡന്റ് എം ആരിഫ്. എന്നിവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. സാധിക്കുമെങ്കില്‍ ഉടനെ തന്നെ നേരില്‍ ആശുപത്രി അധികൃതരെ കാണുന്നതാണ്.
ധാരാളം മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇതില്‍ സജീവമായി രംഗത്തു വരുന്നുണ്ട്. ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യും. അദ്ദേഹത്തിന്റെ കുടുംബവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ഇ. ടി പറഞ്ഞു.

Leave a Reply

Your email address will not be published.