നന്മയുടെ മുഖവുമായി ഒരാള്‍ ബാങ്കില്‍; അനുഭവം പങ്കുവെച്ച് ബാങ്ക് ജീവനക്കാരന്‍

Keralam News

കേരളബാങ്കില്‍ ജോലി ചെയ്യുന്ന സൗന്ദര്‍ രാജാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കു വെച്ചത്. കഴിഞ്ഞ ദിവസം താന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്ന് തന്റെ അക്കൗണ്ടിലെ ബാലന്‍സ് അന്വേഷിച്ചു. 200850 രൂപയുണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ അതില്‍ രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ പണം അയക്കുന്നതില്‍ സന്ദേഹം കാണിച്ചപ്പോഴും വന്നയാള്‍ തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് ഉറപ്പിച്ചു പറയുകയും താന്‍ പണം നല്‍കിയ കാര്യം ആരോടും വെളിപ്പെടുത്തരുതെന്ന് ജീവനക്കാരനോട് നിഷ്‌കര്‍ഷിക്കുകയുമായിരുന്നു.

സൗന്ദര്‍ രാജ് സി.പി ഫേസ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ ഞാന്‍ ജോലിചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്നു. പാസ്സ് ബുക്ക് തന്നു ബാലന്‍സ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു.
‘ ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം ‘
കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.
‘എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ‘ ‘മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ‘
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോള്‍….
ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിര്‍ത്തുന്നത്.
അതാണ് ഉറപ്പോടെ പറയുന്നത് നമ്മള്‍ ഇതും അതിജീവിക്കും…..
അതാണ് ഉറപ്പോടെ പറയുന്നത്
ഇത് കേരളമാണ്

https://www.facebook.com/soundarraj.cp/posts/2255966311204053

Leave a Reply

Your email address will not be published.