നെടുങ്കണ്ടത്തെ വിവാദ മരംമുറിക്കൽ; പൊതുമരാമത്തിനെതിരെ റിപ്പോര്‍ട്ട്

Keralam News

ഇടുക്കി: നെടുങ്കണ്ടത്ത് റോഡ് നിര്‍മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതം എന്നാവര്‍ത്തിച്ച് ജില്ലാ ഭരണകൂടം. മരംമുറിയില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് പരാമര്‍ശമുള്ള റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് കൈമാറി. സംഭവത്തില്‍ വനം വകുപ്പ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി.

അപകട ഭീഷണി ഉയര്‍ത്തുന്ന 10 മരങ്ങള്‍ മുറിക്കണമെന്നായിരുന്നു റവന്യു റിപ്പോര്‍ട്ട്. എന്നാല്‍ പൊതുമരാമത്ത് മുറിച്ചത് 50ലേറെ മരങ്ങളാണ്. അതും വനം വകുപ്പിന്റെ മതിയായ അനുമതി വാങ്ങാതെയും. ഇത്രയും മരങ്ങള്‍ മുറിച്ചത് എന്തിനാണെന്നു ഇനിയും അറിയില്ല.

മരം മുറിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം കരാറുകാരനാണ് എന്നാണ് പൊതുമരാമത്തിന്റെ വാദം. അതേസമയം മുറിച്ച മരങ്ങളില്‍ ചിലത് കാണാനില്ലെന്നും അവര്‍ സമ്മതിക്കുന്നു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് നെടുങ്കണ്ടം സബ്ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, ശാന്തന്‍പാറ സെക്ഷന്‍ അസി.എഞ്ചിനീയര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.