കോവിഡ് കാലത്ത് കേരളത്തില്‍ തൊഴിലില്ലായ്മ 11ശതമാനം വര്‍ധിച്ചെന്ന് മന്ത്രി വി.ശിവന്‍കുട്ടി

Keralam News

കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. കോവിഡിന് മുമ്പ് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനം ആയിരുന്നു എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് കുത്തനെ ഉയര്‍ന്ന് 27.3 ശതമാനമായി. ദേശീയ ശരാശരി കേരളത്തെക്കാള്‍ കുറവാണ്- 20.8 ശതമാനം. സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തില്‍ നിന്ന് 37.71 ശതമാനമായി വര്‍ദ്ധിച്ചു.

ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖലയില്‍ 33675 കോടി രൂപ നഷ്ടമുണ്ടായതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉടന്‍ നടപ്പാക്കും. കോവിഡും ടൗട്ടേ ചുഴലിക്കാറ്റും വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചോദ്യോത്തരവേളയില്‍ സഭയെ അറിയിച്ചു. പാറയുടെ ലഭ്യതക്കുറവ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസമാകുന്നതായും മന്ത്രി പറഞ്ഞു.