ഉടുമ്പന്‍ചോലയില്‍ റോഡ് നിര്‍മാണത്തിന്റെ മറവില്‍ വനംകൊള്ള; റവന്യൂ റിപ്പോര്‍ട്ട് പുറത്ത്

Keralam News

ഇടുക്കി ഉടുമ്പന്‍ചോലയില്‍ റോഡ് നിര്‍മാണത്തിന്റെ മറവില്‍ വനംകൊള്ളയാണ് നടന്നതെന്ന് തെളിയിക്കുന്ന റവന്യൂ റിപ്പോര്‍ട്ട് പുറത്ത്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 10 മരങ്ങള്‍ മാത്രമേ മുറിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ ഇവിടെ നിന്നും മുറിച്ച് കടത്തിയത് അന്‍പതിലധികം മരങ്ങളാണ്. അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചതെന്നും റിപ്പോര്‍ട്ട്.

ഉടുമ്പന്‍ചോല ചിത്തിരപുരം റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളുടെ കണക്ക് ലഭ്യമാക്കുവാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കഴിഞ്ഞ മാസം 28ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ 10 മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് കണ്ടെത്തി. അപകടാവസ്ഥയിലുള്ള ആറ് മരങ്ങളും റോഡിന് നടുവില്‍ നില്‍ക്കുന്ന നാല് മരങ്ങളും മുറിക്കാനായിരുന്നു നിര്‍ദേശം. കരിവെട്ടി, വെള്ളിലാവ്, ഞാവല്‍, ചന്ദനവയമ്പ്, ചേല, കുളമാവ്, പാല എന്നിവയുള്‍പ്പെടെയുള്ള മരങ്ങളായിരുന്നു പട്ടികയില്‍.