ഇന്ധന വിലവര്‍ദ്ധനവിനെതിരെ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

News

കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും എണ്ണക്കമ്പനികളുടെയും ഇന്ധനക്കൊള്ളക്കെതിരായി പ്രക്ഷോഭ സമരങ്ങള്‍ നടത്തുന്നതിന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സ്റ്റിയറിങ്ങ് കമ്മറ്റി തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം എന്ന നിലയില്‍ ജൂണ്‍ 12ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എല്ലാ ബസുടമകളും പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ച് അവരവരുടെ നിര്‍ത്തിയിട്ട ബസുകള്‍ക്ക് മുമ്പിലോ വീടുകള്‍ക്ക് മുമ്പിലോ കുടുംബ സമേതം നില്‍പു സമരം നടത്തുന്നതാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ചക്രസ്തംഭനം അടക്കമുള്ള സമരങ്ങള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്.

2020 മാര്‍ച്ചില്‍ 66 രൂപയായിരുന്ന ഒരു ലിറ്റര്‍ ഡീസല്‍ ഇപ്പോള്‍ 92 രൂപയിലധികം രൂപക്കാണ് വില്‍ക്കുന്നത്. പതിനാലു മാസം കൊണ്ട് മാത്രം ഒരു ലിറ്റര്‍ ഡീസലിന് 26 രൂപയില്‍ അധികമാണ് വര്‍ദ്ധിച്ചത്. ഇത് കാരണം
സ്വകാര്യ ബസുകള്‍ക്ക് ഡീസലിനായി 2500 രൂപയോളം അധികം ചിലവഴിക്കേണ്ടതായി വരുന്നു. 92 രൂപ നല്‍കി സീസല്‍ വാങ്ങി ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിലവിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന 2014 വരെ ഒരു ലിറ്റര്‍ ഡീസലിന് പരമാവധി 3 രൂപ 46 പൈസയായിരുന്നു എക്‌സൈസ് നികുതി ഈടാക്കിയിരുന്നത.് എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പല പ്രാവശ്യങ്ങളിലായി വര്‍ദ്ധനവ് വരുത്തി ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 31 രൂപ 83 പൈസയാണ് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി ഈടാക്കുന്നതെന്നും യോഗം വിലയിരുത്തി.

അത് പോലെ ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016ല്‍ ഒമ്പത് രൂപയില്‍ താഴെയായിരുന്നു സംസ്ഥാന സര്‍ക്കാരിന് വില്‍പന നികുതിയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് പതിനെട്ട് രൂപയാണ് സംസ്ഥാനത്തിന് വില്‍പന നികുതിയായി ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയിനത്തില്‍ വര്‍ദ്ധിപ്പിച്ച തുകയും സംസ്ഥാന സര്‍ക്കാരിന് വില്‍പന നികുതിയിനത്തില്‍ അധികം ലഭിക്കുന്ന തുകയും ഒഴിവാക്കി ഡീസലിന്റെ വിലയില്‍ കുറവ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ മാത്രം സര്‍ക്കാര്‍ 1407 കോടി രൂപ സഹായധനം നല്‍കിയ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ ബഡ്ജറ്റിലും 100 കോടി രൂപ സഹായധനം പ്രഖ്യാപിച്ച സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ മൂന്‍കൂറായി നികുതി നല്‍കിയും സര്‍ക്കാരിന് ഒരു രൂപയുടെ പോലും മുതല്‍ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംബന്ധിച്ച് ബഡ്ജറ്റില്‍ ഒരു പരാമര്‍ശം പോലും നടത്തിയില്ല എന്നതില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഇന്ധനക്കൊള്ളക്കെതിരായി ഫെഡറേഷന്‍ നടത്തുന്ന പ്രക്ഷോഭ സമരത്തില്‍ എല്ലാ മോട്ടോര്‍ വാഹന തൊഴിലാളികളും മറ്റു ബസുടമസംഘടനകളും സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന പ്രസിഡണ്ട് എം.ബി സത്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിങ്ങ് കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ ഭാരവാഹികളായ ശരണ്യ മനോജ്, ഗ ഗതോമസ്, വേലായുധന്‍, രാജു കരുവാരത്ത്, സത്യന്‍ പാലക്കാട്, ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.