പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു; പരാതി

Keralam News

പാലക്കാട്: ജില്ലാ മാതൃശിശു ആശുപത്രിയില്‍ കൊവിഡ് ബാധിതയായ ആദിവാസി യുവതിയെ ലേബര്‍റൂമിലേക്ക് മാറ്റാഞ്ഞതിനാൽ കുഞ്ഞ് മരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. യുവതി പ്രസവിച്ചത് കട്ടിലിലാണ്. നേഴ്‌സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. അട്ടപ്പാടി പാലൂര്‍ ഊരിലെ മാരിയത്താളിനാണ് ദുരനുഭവം. ബാത്‌റൂമില്‍ പോവുന്നതിനിടെ പ്രസവിക്കുകയായിരുന്നു.

അതേസമയം പരാതിയില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അധികൃതര്‍. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതു മുതല്‍ കൃത്യമായ പരിചരണം നല്‍കി.

ഗര്‍ഭിണികളായ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് ദിവസമായി നവജാത ശിശുവിന് ചലനമില്ലായിരുന്നു. യുവതിക്ക് മരുന്ന് നല്‍കി പ്രസവിപ്പിക്കുകയാണുണ്ടായത്. മറിച്ചുള്ള ആക്ഷേപങ്ങള്‍ തെറ്റാണ്. ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.