മുട്ടില്‍ വനംകൊള്ള: സംസ്ഥാന സര്‍ക്കാറിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങിബി.ജെ.പി

Keralam News Politics

മുട്ടില്‍ മരം മുറി സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി. കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ട് നടപടി എടുപ്പിക്കാനാണ് ബി ജെ പി ശ്രമം. ഡല്‍ഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് ഇക്കാര്യം ഉന്നയിക്കും. തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തില്‍ ബി.ജെ.പി പ്രതിരോധത്തിലായ സമയത്താണ് മുട്ടില്‍ വനം കൊള്ള ഉയര്‍ന്ന് വന്നത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ച് പ്രതിരോധം തീര്‍ക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയും കുഴല്‍പണ ഇടപാട് ആരോപണവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളെ നിലവിലെ സാഹചര്യം സുരേന്ദ്രന്‍ ധരിപ്പിക്കും. കൊടകര കള്ളപ്പണ ഇടപാട് കേസില്‍ സുരേന്ദ്രന്റെ പങ്ക് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതും മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കേസ് എടുത്തതും ദേശീയ നേതൃത്വത്തിന് കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.