ആര്‍എസ്എസില്‍ അതൃപ്തി

Keralam News

തൃശ്ശൂർ: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട ആര്‍എസ്എസിലും പ്രതിസന്ധി. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. ആര്‍എസ്എസ് കൂടി നിയന്ത്രിച്ച തെരഞ്ഞെടുപ്പായതിനാല്‍ പ്രവര്‍ത്തകരോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ഹെലിക്കോപ്റ്ററിലും കാറിലും പോകുന്ന നേതാക്കള്‍ക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്നും ഇവര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന് മുന്‍പാകെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്. ധര്‍മരാജന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് നേതാക്കള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും സംഘടനയുടെ പണം ഇയാളെ ഏല്‍പ്പിച്ചതിലൂടെ ഗുരുതരമായ വീഴ്ച വരുത്തി.

ആര്‍എസ്എസ് കൂടി നിയന്ത്രിച്ച തെരഞ്ഞെടുപ്പായതിനാല്‍ പ്രവര്‍ത്തകരോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ഹെലിക്കോപ്റ്ററിലും കാറിലും പോകുന്ന നേതാക്കള്‍ക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്നും ഇവര്‍ വിമര്‍ശനം ഉന്നയിച്ചു.

അതേസമയം വിഷയത്തില്‍ തെരഞ്ഞെടുപ്പ് സംയോജകരായിരുന്ന പ്രചാരകന്‍മാര്‍ ചോദ്യമുനയിലാണെന്നും ലോക്ക് ഡൗണിന് ശേഷം അടിയന്തര യോഗം വിളിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. പ്രശ്‌നത്തില്‍ ആര്‍എസ്എസ് നിലപാടെന്തെന്ന് താഴെത്തട്ടിലെ പ്രവര്‍ത്തകരെ അറിയിക്കണം. പ്രശ്‌നത്തിന്റെ ഗൗരവം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളേയ്ക്ക് വിഷയം റിപ്പോര്‍ട്ട് ചെയ്യണമെന്നും മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.