ആര്‍ത്തവ ദിനങ്ങളില്‍ ശുചിത്വം പാലിക്കാനാകാതെ ആരോഗ്യ പ്രശ്‌നങ്ങളുമായി ചെല്ലാനത്തെ സ്ത്രീകള്‍

Health Keralam News

എറണാകുളം: വീടുകളില്‍ കടല്‍ വെള്ളം ഇരച്ചു കയറുമ്പോള്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ കഴിച്ചു കൂട്ടേണ്ടി വരുന്ന എറണാകുളം ചെല്ലാനത്തെ സ്ത്രീകളെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരുപാടാണ്. ആര്‍ത്തവ കാലത്ത് ശുചിത്വം പാലിക്കാനാവാതെ ഒരുപാട് പേര്‍ക്കാണ് അണുബാധയേല്‍ക്കുന്നത്.

വെള്ളത്തിന് നടുവില്‍ വ്യക്തി ശുചിത്വം എത്രത്തോളം പാലിക്കാനാകുമെന്ന ആശങ്ക ചെല്ലാനത്തെ സ്ത്രീകള്‍ പങ്ക് വച്ചു. ജീവനോപാധികള്‍ കടലെടുക്കുമ്പോള്‍ പ്രാണനും കയ്യിലെടുത്ത് പല ദിക്കിലേക്ക് ഓടാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഉടുതുണി പോലും മാറിയുടുക്കാനില്ല. അതിനാല്‍ തന്നെ ആര്‍ത്തവ ശുചിത്വവും ഇവര്‍ക്ക് അകലെയാണ്.

കടലെടുക്കുന്ന ആര്‍ത്തവ ദിനങ്ങള്‍ വേദനയുടെയും നടുനിവര്‍ത്താന്‍ പോലുമാകാത്ത നിസ്സഹായതയുടെയും കൂടി കാലമാണെന്നും പറഞ്ഞ് സ്ത്രീകള്‍. കൊറോണ കാലത്തെ ക്യാമ്പ് ജീവിതവും ഉപയോഗ ശൂന്യമായ ശൗചാലയങ്ങളും പലര്‍ക്കും പേടിപ്പെടുത്തുന്ന അനുഭവങ്ങളാണെന്നും സാക്ഷ്യം. ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന സ്ത്രീകളും ഏറെയാണ് ഇവിടെ. സാനിറ്ററി പാഡുകളോടൊപ്പം മെന്‍സ്ട്രല്‍ കപ്പുകള്‍, പോലെയുള്ള സംവിധാനങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വര്‍ധിക്കുകയാണ്.