‘ബിജെപിക്കെതിരായ നീക്കങ്ങളും സംസ്ഥാനനേതൃത്വം ഏറ്റെടുക്കണം’; കെ മുരളീധരന്‍

Keralam News Politics

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ മുരളീധരന്‍. പുതിയ നേതൃത്വത്തിന് അതിനാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കെ സുധാകരന്റെ ശൈലി കൊണ്ട് കോണ്‍ഗ്രസിന് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ‘ തീരുമാനം എന്തായാലും എന്ന് നേരത്തെ ഞാന്‍ പറഞ്ഞിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയെ മുമ്പോട്ടു നയിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുക, കഴിവുള്ളവരെ രംഗത്തേക്ക് കൊണ്ടുവരിക, ഗ്രൂപ്പിന്റെ അതിപ്രസരത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക തുടങ്ങി ഇന്നലെ അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എനിക്ക് പൂര്‍ണമായി യോജിപ്പാണ്’ – അദ്ദേഹം പറഞ്ഞു.

‘രണ്ട് കാര്യങ്ങള്‍ക്ക് പുതിയ നേതൃത്വം രൂപം നല്‍കണം. ഒന്ന്, ഗ്രൂപ്പുകള്‍ ഇല്ലാതായത് സ്വാഗതാര്‍ഹമാണ്. അതിന്റെ പേരില്‍ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. രണ്ടാമത് കഴിഞ്ഞ അഞ്ചുവര്‍ഷം കോണ്‍ഗ്രസിനും യുഡിഎഫിനും സംഭവിച്ച പാളിച്ച സംസ്ഥാന കാര്യങ്ങളില്‍ മാത്രം അഭിപ്രായങ്ങള്‍ പറയുകയും സമരം ചെയ്യുകയും ചെയ്തപ്പോള്‍ ബിജെപിയോട് ഒരു മൃദുസമീപനം കോണ്‍ഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്പേര് പാര്‍ട്ടിക്കുണ്ടായി. അതു കൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായ സമീപനം സ്വീകരിച്ചത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടേ ഉള്ളൂ.’- മുരളീധരന്‍ ചൂണ്ടിക്കാട്ടി.

‘കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ ഏറ്റവും രൂക്ഷമായി മുമ്പോട്ടു പോകുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡീസല്‍-പെട്രോള്‍ വില വര്‍ധന. വാക്സിനേഷന്റെ കാര്യത്തിലും കേന്ദ്രം എടുത്ത തീരുമാനം തെറ്റാണെന്ന് കോടതി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് സംസ്ഥാന സര്‍ക്കാറിന് എതിരായുള്ള സമരം മാത്രം കേന്ദ്രനയങ്ങള്‍ക്കെതിരായും ബിജെപിക്കെതിരായുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ആണ് ഏറ്റെടുക്കേണ്ടത്. പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് എന്റെ വിശ്വാസം’ – അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്ക് ഓരോ ശൈലിയുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. സുധാകരന് ഒരു ശൈലിയുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിന് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അണികള്‍ ഇപ്പോള്‍ ഒറ്റക്കെട്ടാണ്. അണികള്‍ക്ക് വേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ തുറന്നു കാണിക്കുന്ന ഒരു നേതൃത്വമാണ്. ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും അവരോടൊപ്പം ഞങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.