കൊടകര കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടണം: കോടതിയെ സമീപിച്ച് ധർമ രാജൻ

Keralam News

കൊടകര കള്ളപ്പണ കവർച്ചാകേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടണമെന്ന് പറഞ്ഞ് കോടതിയെ സമീപിച്ച് ധർമ രാജൻ. ഇരിങ്ങാലക്കുട ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിലാണ് ഹർജി നൽകിയത്.

കവർച്ചക്കാരിൽ നിന്ന് കണ്ടെടുത്ത ഒരു കോടി നാൽപത് ലക്ഷം തിരികെ കിട്ടണമെന്നാണ് ഹർജിയിലെ ആവശ്യം. പണം തന്റേതും സുനിൽ നായിക്കിന്റേതുമെന്നും, മറ്റാർക്കും പണത്തിന് അവകാശമില്ലെന്നും ധർമരാജൻ കോടതിയെ അറിയിച്ചു.

അതേസമയം കുഴൽപ്പണ കവർച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ഇതിനായി ഡൽഹി ആസ്ഥാനത്ത് നടപടി ക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഐആർഎസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസിൽ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്.

കേസിൽ 20 ദിവസം കഴിഞ്ഞാണ് പൊലീസ് ആദ്യ പ്രതിയെ പിടികൂടുന്നത്. ആദ്യ ഘട്ടത്തിൽ പ്രതികളെ പിടികൂടുന്നതിൽ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോൾ പൊലീസിന് വിനയായിരിക്കുന്നത്.