അക്കൗണ്ട് മാറിയെത്തിയത് 9 ലക്ഷം; ഉടമയ്ക്ക് തിരികെ നൽകി യുവതി

Keralam News

അമ്പലപ്പുഴ: ദുരിതജീവിതത്തിൽ നിന്ന് ഒരിക്കൽ‌ കരകയറാൻ സഹായമേകിയവരാണ്. അവരുടെ 9 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മാറി തന്റെ പേരിൽ വന്നപ്പോൾ ജ്യോതിമോൾ ഒട്ടും മടിക്കാതെ ആ തുക അവർക്ക് തിരിച്ചു നൽകി. യുവതിയുടെ സത്യസന്ധതയ്ക്ക് നന്ദി പറഞ്ഞ് തുകയുടെ ഉടമ 9000 രൂപ സമ്മാനിക്കുകയും ചെയ്തു.

അമ്പലപ്പുഴ കരുമാടി അക്ഷരനിലയത്തിൽ ജ്യോതിമോളുടെ അക്കൗണ്ടിലാണ് കഴിഞ്ഞ ഏപ്രിൽ 28 ന് ചാലക്കുടി സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് തുക വന്നത്. ജ്യോതിമോളും രണ്ട് പെൺമക്കളും കരുമാടി പാടശേഖരത്തിന്റെ ബണ്ടിലാണ് താമസിക്കുന്നത്. നിർമാണം പാതി വഴിയിലായ വീടിനുള്ളിൽ കഴിയുന്ന ജ്യോതിമോളുടെയും മക്കളുടെയും ജീവിത യാതനകൾ അറിഞ്ഞ് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശികളായ ദമ്പതികൾ ജ്യോതിമോൾക്ക് 10,000 രൂപ അയച്ചുകൊടുത്തിരുന്നു.

ചാലക്കുടിയിൽ ദമ്പതികളുടെ വീട് നിർമാണം നടന്ന് വരികയാണ്. നിർമാണത്തിന്റെ ആവശ്യത്തിനായി ബന്ധുവിൻറെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത തുകയാണ് ജ്യോതിമോളുടെ അക്കൗണ്ടിലേക്ക് മാറി വന്നത്.