55 ലക്ഷം രൂപയുമായി സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

Keralam News

55 ലക്ഷം രൂപയുമായി കണ്ണൂര്‍ സ്വദേശി കൊച്ചി പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി റാഷിദാണ് വാഹന പരിശോധനക്കിടെ പിടിയിലായത്. സ്വര്‍ണക്കവര്‍ച്ച കേസില്‍ മംഗലാപുരത്ത് കര്‍ണാടക പൊലീസ് തിരയുന്ന പ്രതിയാണ് റാഷിദ്. ലോക്‌ഡൌണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ, എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് റാഷിദ് പിടിയിലാകുന്നത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി റാഷിദും സഹായി എറണാകുളം കാലടി സ്വദേശി നിസാമും ആണ് പൊലീസ് പിടിയിലായത്.

മംഗലാപുരം പൊലീസ് തിരയുന്ന സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയാണ് റാഷിദ്. പരിശോധനക്കിടെ 55 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. കവര്‍ച്ച ചെയ്ത ഒന്നരകിലോ സ്വര്‍ണം വിറ്റുകിട്ടിയ പണമാണ് കൈയ്യിലുണ്ടായിരുന്നതെന്ന് പോലീസിന് വ്യക്തമായി. പല തരത്തിലുള്ള സത്യവാങ്മൂലം വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.