സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും

Keralam News Politics

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുറമെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കം. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇരുവരുടെയും പേരുകള്‍ ഇടത് സ്ഥാനാര്‍ത്ഥി വി വി രമേശന്റെ പരാതിയിലും ഉന്നയിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതിനൊപ്പം ഗുരുതര വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറില്‍ പ്രതിയായി കെ സുരേന്ദ്രന്റെ പേര് മാത്രമാണ് ഉള്ളത്.

കഴിഞ്ഞ ദിവസം സുന്ദര പൊലീസിന് നല്‍കിയ മൊഴിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍ പാര്‍പ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി സുന്ദരയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.