കുതിരാന്‍ തുരങ്കം തുറക്കാന്‍ നടപടി; മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി

Keralam News

തൃശൂര്‍- പാലക്കാട് ദേശീയ പാതയിലെ കുതിരാനിലെ ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കാന്‍ നടപടി. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം ചൊവ്വാഴ്ച ചേരും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നിവര്‍ കുതിരാനില്‍ സന്ദര്‍ശനം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടക്കുന്ന യോഗത്തോടെ തുരങ്കം തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കുതിരാന്‍ തുരങ്കത്തിന്റെ കരാര്‍ ഒപ്പിടുമ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച് ഒരു തുരങ്കമെങ്കിലും അടിയന്തിരമായി തുറക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കടത്തിനടക്കം ഉപയോഗപ്രദമായ പ്രധാന പാതയാണ് വടക്കാഞ്ചേരി-മണ്ണുത്തി ദേശീയ പാത. ഇതിലെ പ്രധാന ഭാഗമാണ് കുതിരാന്‍. ഗതാഗതക്കുരുക്കും അപകടവും ചൂണ്ടിക്കാണിച്ച് നിരന്തരമുണ്ടായ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് തുരങ്കം തുറക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ദേശീയ പാതാ അതോറിറ്റിയുടെ വാദങ്ങള്‍ മൂലം നീണ്ടുപോകുകയായിരുന്നു.