കാനഡയിലെ സ്‌കൂളില്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

International News

കാനഡയിലെ സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് 1978ല്‍ അടച്ച ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് സൂചന. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നതെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് ഗോത്രവിഭാഗത്തിലെ കുട്ടികള്‍ ഇരയാക്കപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശാരീരിക പീഡനം, ലൈംഗിക ഉപദ്രവം, ഗോത്രസംസ്‌കാരത്തിന്റെ ഭാഗമായി അവര്‍ ശീലിച്ച കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ നടപടികളാണ് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സ്വീകരിച്ചത്. 2018ല്‍ സ്‌കൂളുകളില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളില്‍ ഗോത്രവിഭാഗങ്ങളോട് കനേഡിയന്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിരുന്നു.

1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ സജീവമായിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍. 150,000 കുട്ടികളാണ് ഇത്തരം സ്‌കൂളുകളില്‍ അക്കാലത്ത് പഠിച്ചിരുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ 4100 കുട്ടികള്‍ ഈ സ്‌കൂളുകളില്‍ വെച്ച് മരണപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള കണക്കുകള്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ നേരത്തെ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published.