ചൈനയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇയില്‍ വാക്‌സിന്‍ വിതരണം തുടങ്ങി

International News

ദുബൈ: ചൈനയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇയില്‍ വാക്‌സിന്‍ വിതരണം തുടങ്ങി. രാജ്യത്ത് ആദ്യമായാണ് സന്ദര്‍ശക വിസക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് വാക്‌സിന് അനുമതി നല്‍കിയിട്ടില്ല. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടി തുടങ്ങിയത്.

ചൈനീസ് വാക്‌സിനായ സിനോഫാമാണ് ഇവര്‍ക്ക് നല്‍കുന്നത്. 16 വയസിന് മുകളിലുള്ളവര്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റി വഴിയാണ് വാക്‌സിന്‍ വിതരണം. ആദ്യ ദിവസം നൂറുകണക്കിന് ചൈനക്കാരാണ് വാക്‌സിന്‍ കേന്ദ്രങ്ങളിലെത്തിയത്. മഹാമാരി തുടങ്ങിയത് മുതല്‍ ചൈനയുമായി സഹകരിച്ചാണ് യു.എ.ഇയുടെ പ്രവര്‍ത്തനം. റാസല്‍ ഖൈമയില്‍ സിനോഫാം നിര്‍മിക്കുന്ന ഫാക്ടറി അടുത്തിടെ സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് അബൂദബിയിലേക്ക് മാറ്റുകയും ചെയ്തു. ഹയാത്ത് വാക്‌സ് എന്ന പേരിലാണ് യു.എ.ഇയില്‍ ഇത് വിതരണം ചെയ്യുന്നത്. ചൈനീസ് എംബസിയും കോണ്‍സുലേറ്റും മുഖേന രജിസ്റ്റര്‍ ചെയ്താണ് സന്ദര്‍ശക വിസക്കാര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കി വരുന്നത്.

Leave a Reply

Your email address will not be published.