അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായിരിക്കണം ഇസ്രയേലിനെ പാഠം പഠിപ്പിക്കാൻ ; എർദോഗാൻ

International News

ഇസ്രയേലിനെ ‘പാഠം പഠിപ്പിക്കണ’മെന്ന് തുർക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എർദോഗാൻ. ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെയാണ് ഇങ്ങനെ പറഞ്ഞത്. ഇതിനായി അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി നടത്തിയ ഫോൺസംഭാഷണത്തിലാണ് എർദോഗാൻ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇസ്രയേൽ ഭീകര രാഷ്ട്രമാണെന്നും മുസ്ലിങ്ങളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും എർദോഗാൻ പറഞ്ഞിരുന്നു.

ഐക്യരാഷ്ട്ര രക്ഷാ സമിതി എത്രയും വേഗം പലസ്തീൻ ജനങ്ങളെ സംരക്ഷിക്കുന്നതിൽ ഇടപെടണമെന്നും പുടിനോട് എർദോഗാൻ ആവശ്യപ്പെട്ടതായി തുർക്കി പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അറിയിച്ചു.

ഒരു അന്താരാഷ്ട്ര സംരക്ഷണ സേന എന്ന ആശയം പലസ്തീനികളുടെ സംരക്ഷണത്തിനായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ-പലസ്തീൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published.