ലോക നഴ്‌സസ് ദിനം

International News

ഇന്ന് ലോക നഴ്‌സസ് ദിനം. രാജ്യം ഇന്ന് വീട്ടിലിരിക്കുകയാണ്. കൊറോണക്കെതിരെ സ്വന്തം ആരോഗ്യം പോലും നോക്കാതെ പ്രവര്‍ത്തിക്കുന്ന കരുതലിന്റെ സ്‌നേഹസ്പര്‍ശങ്ങള്‍ക്കുള്ള ദിനം. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനം കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാനാണ് കേരള ഗവ. നഴ്‌സസ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.

1953 ല്‍ യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ഡൊറോത്തി സണ്ടര്‍ലാന്‍ഡ് നഴ്‌സുമാര്‍ക്കായി ഒരു ദിനം വേണമെന്ന ആശയം പ്രസിഡന്റ് ഡൈ്വറ്റ് ഡി. ഐസന്‍ഹോവറിന് മുന്നില്‍ വച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് ആദ്യമായി ഈ ദിനം കൊണ്ടാടിയത് 1965 ലാണ്. മോഡേണ്‍ നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നഴ്‌സുമാരുടെ ദിനമായി ആചരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത് 1974ലാണ്.

2020, 2021 വര്‍ഷങ്ങളിലായി കൊറോണയെന്ന മഹാമാരിയില്‍ ഭീതിദമായ യുദ്ധമുഖത്താണ് നാമോരുത്തരും. ആഗോളതലത്തില്‍ വ്യാപിച്ച ഈ മഹാമാരി ലക്ഷക്കണക്കിന് പേരുടെ ജീവനാണെടുത്തത്. ആരോഗ്യമേഖലയെ കടുത്ത വെല്ലുവിളികളിലേക്കും ഇത് എത്തിച്ചത്. ഈ കടുത്ത പ്രതിസന്ധിയിലും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഈ വിപത്തിനെതിരെ പോരാടുന്നതിലും ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിലും മുന്‍പില്‍ തന്നെയാണ്. സ്വന്തം ജീവന്‍ പോലും കണക്കിലെടുക്കാതെ ഈ പ്രതിസന്ധി വേളയിലെ മുന്നണിപ്പോരാളികളായി തുടരുന്ന നഴ്‌സുമാര്‍ നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ല് തന്നെയെന്ന് പറയാന്‍ കഴിയും.

Leave a Reply

Your email address will not be published.