അന്റോണിയോ ഗുട്ടറസിന് യുഎന്നില്‍ രണ്ടാമൂഴം

International News

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രണ്ടാമൂഴത്തിലേക്ക്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഗുട്ടറസിന്റെ തീരുമാനത്തെ ഇന്നു ചേര്‍ന്ന രക്ഷാസമിതി യോഗം പിന്തുണച്ചു. 193 അംഗ പൊതുസഭയ്ക്കു മുന്‍പാകെ ഗുട്ടറസിന്റെ പേര് നിര്‍ദേശിക്കാന്‍ രക്ഷാസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഐകകണ്ഠ്യേനയാണ് ഗുട്ടറസിന്റെ പേര് അംഗീകരിച്ചതെന്ന് രക്ഷാസമിതിയുടെ നിലവിലെ പ്രസിഡന്റും എസ്തോണിയന്‍ അംബാസഡറുമായ സ്വെന്‍ ജര്‍ഗെന്‍സന്‍ പറഞ്ഞു. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗുട്ടറസ് 2017ലാണ് യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് മറ്റാരുമില്ലാത്തതിനാല്‍ രക്ഷാസമിതിയുടെ നടപടി ചടങ്ങ് മാത്രമാണ്. പത്തുപേര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും യുഎന്നിലെ 193 അംഗരാജ്യങ്ങളില്‍ ആരും ഇവരെ പിന്തുണച്ചിരുന്നില്ല.

യുഎന്‍ തലവന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. 2022 ജനുവരി ഒന്നുമുതലാണ് പുതിയ കാലയളവ് തുടങ്ങുക. ഗുട്ടറസ് 2005 മുതല്‍ 2015 വരെ യുഎന്നിന്റെ റെഫ്യൂജീസ് വിഭാഗം ഹൈക്കമ്മീഷണറുമായിരുന്നു. രക്ഷാസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യയുടെ യുഎന്നിലെ സ്ഥിരാംഗം ടിഎസ് തിരുമൂര്‍ത്തി പ്രതികരിച്ചു. രണ്ടാം തവണയും സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഗുട്ടറസിന്റെ തീരുമാനത്തെ കഴിഞ്ഞ മാസം തന്നെ ഇന്ത്യ പിന്തുണച്ചിരുന്നു. യുഎന്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയുടെ പിന്തുണ അറിയിച്ചത്.