പാകിസ്താന്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി

International News

പാകിസ്താനില്‍ രണ്ട് യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. റേതി, ദഹര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം. അപകടം നടന്ന റെയില്‍വേ ട്രാക്ക് പുനഃസ്ഥാപിച്ചുവെന്നും സര്‍വീസ് ഉടന്‍ വീണ്ടും തുടങ്ങുമെന്നും റയില്‍വേ സൂപ്രണ്ട് ശുക്കൂര്‍ താരിഖ് ലത്തീഫ് അറിയിച്ചു.

ലാഹോറില്‍നിന്നും കറാച്ചിയിലേക്ക് പോകുന്ന സര്‍ സയിദ് എക്സ്പ്രസും കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. മില്ലത് എക്‌സ്പ്രസ് പാളം തെറ്റിയതാണ് അപകടകാരണം. മില്ലത് എക്സ്പ്രസിന്റെ 14ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവീണു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു.