മഹാരാഷ്ട്രയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ അണ്‍ലോക്ക്

India News

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ അണ്‍ലോക്ക് നടപടികള്‍ ആരംഭിച്ചു. ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ജില്ലകളെ തരം തിരിച്ചിരിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്‌സിജന്‍ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ്. ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ള, ഓക്‌സിജന്‍ ബെഡുകളില്‍ 25 ശതമാനത്തില്‍ താഴെ മാത്രം രോഗികളുള്ള ജില്ലകളെ ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.
ജല്‍ഗാവ്, ബാന്ദ്ര, പര്‍ഭാനി, ഔറഗാബാദ്, നാസിക്, ധൂലെ, ജല്‍ന, താനെ ഉള്‍പ്പെടെയുള്ള 18 ജില്ലകളാണ് ഒന്നാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുക ഈ ജില്ലകളിലാണ്.

സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തീയേറ്ററുകള്‍, മാള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കും. വിവാഹം, വിനോദ പരിപാടി, സിനിമ ചിത്രീകരണം എന്നിവയ്ക്ക് ഈ ജില്ലകളില്‍ അനുമതി നല്‍കുമെന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വിജയ് വഡെറ്റിവാര്‍ അറിച്ചു. മുംബൈ, അമരാവതി, ഹിന്‍ഗോളി എന്നീ ജില്ലകളാണ് രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. ഈ ജില്ലകളില്‍ പൊതുസ്ഥലങ്ങളില്‍ ആളുകളെ കൂട്ടം കൂടുന്നത് നിരോധിച്ച് കൊണ്ട് 144 തുടരും. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഹോട്ടല്‍, വ്യായാമ കേന്ദ്രം, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഉസ്മനാബാദ്, അകോല, സാന്‍ഗ്ലി തുടങ്ങിയ ജില്ലകള്‍ മൂന്നാം വിഭാഗത്തിലും പുണെ, രിഗാദ് എന്നിവ നാലാം വിഭാഗത്തിലും ഉള്‍പ്പെടും. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള അഞ്ചാം വിഭാഗത്തില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ലോക്ഡൗണ്‍ തുടരും.

Leave a Reply

Your email address will not be published.