കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി; 35000 കോടി രൂപ ചെലവഴിച്ചത് സംബന്ധിച്ച് വ്യക്തത വേണമെന്നാവശ്യം

India News

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ പദ്ധതി ഏകപക്ഷീയമാണെന്ന് കോടതി കുറ്റപ്പെടുത്തി. വാക്‌സിനേഷന്‍ പദ്ധതിക്ക് കേന്ദ്രബജറ്റില്‍ നീക്കിവെച്ച 35000 കോടി രൂപ ചെലവഴിച്ചത് സംബന്ധിച്ച് വ്യക്തത വേണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ഈ ഫണ്ട് 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യവാക്‌സിന്‍ നല്‍കുന്നതിന് ഉപയോഗിക്കാത്തതെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അംഗമായുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ചാണ് സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചത്.

കേന്ദ്ര ബജറ്റില്‍ 35000 കോടിരൂപയാണ് വാക്‌സിന്‍ സംഭരണത്തിന് നീക്കിവെച്ചത്. ഈ ഫണ്ട് എങ്ങനെയാണ് ഇതുവരെ ഉപയോഗിക്കപ്പെട്ടത്.എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഈ തുക 18നും 44നും ഇടയില്‍ പ്രായമുള്ളവരുടെ സൗജന്യവാക്‌സിനേഷന് ഉപയോഗിക്കാത്തതെന്ന് കോടതി ചോദിച്ചു. വാക്‌സിന്റെ വിലയും വാക്‌സിന്‍ നിര്‍മ്മാതക്കളുടെ മത്സരവും സംബന്ധിച്ച് വിശദീകരിക്കവെ സര്‍ക്കാര്‍ നേരത്തെ തന്നെ രണ്ടു വാക്‌സിന്‍ നിര്‍മ്മാതക്കളുമായി മാത്രമാണ് ചര്‍ച്ചകള്‍ നടത്തിയത്. കൂടാതെ ഈ രണ്ടുവാക്‌സിനുകളുടെ വിലയും അളവും സര്‍ക്കാര്‍ മുന്‍ക്കൂട്ടി ഉറപ്പിക്കുകയും ചെയ്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ വാങ്ങുന്നതിന് ഏക കുത്തകാവകാശമുള്ള ഉപഭോക്താവെന്ന പദവി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകുമ്പോഴാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വിലയില്‍ കുറവ് വരുത്തുക. ഇപ്പോള്‍ നടപ്പാക്കുന്ന ഉദാരവത്കൃത വാക്‌സിന്‍ നയം എത്രത്തോളം യുക്തിസഹമെന്ന് കോടതിക്ക് പരിശോധിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കൃത വാക്‌സിന്‍ നയം ആര്‍ട്ടിക്കിള്‍ 14 ന് എതിരാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഞെരുക്കം വരുത്തുന്നതുമാണ് പുതിയ നയം. കോടതി നിരീക്ഷണങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു പുതിയ സത്യവാംങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സൂപ്രീംകോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published.