കേന്ദ്രസർക്കാർ ഇതുവരെ വാങ്ങിയ വാക്സിൻ ഡോസുകളുടെ കണക്ക് കൈമാറണമെന്ന് സുപ്രിംകോടതി

India News

കേന്ദ്രത്തോട് വാക്സിൻ കണക്ക് ആവശ്യപ്പെട്ട് സുപ്രിംകോടതി. കേന്ദ്രസർക്കാർ ഇതുവരെ വാങ്ങിയ വാക്സിൻ ഡോസുകളുടെ കണക്ക് സുപ്രിംകോടതി ആരാഞ്ഞു.

കൊവാക്സിൻ, കൊവിഷീൽഡ്, സ്പുട്നിക് വാക്സിനുകൾക്കായി ഓർഡർ കൊടുത്ത തീയതി അടക്കം നൽകണമെന്നും ഓരോ തവണയും വാങ്ങിയ വാക്സിന്റെ കണക്ക് പ്രത്യേകമായി തന്നെ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതിന്റെ വിവരങ്ങളും കൈമാറണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.

വാക്സിൻ വാങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വാക്സിൻ നയവുമായി ബന്ധപ്പെട്ട ഫയൽ നോട്ടുകളും, ജനസംഖ്യയിൽ എത്ര ശതമാനം പേർക്ക് വാക്സിൻ നൽകിയെന്നതിന്റെ കണക്കും കോടതി ചോദിച്ചു.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വാക്സിനേഷൻ കണക്ക് സമർപ്പിക്കണം. ഒരു ഡോസ്, രണ്ട് ഡോസ് നൽകിയവരുടെ കണക്കുകൾ പ്രത്യേകമായി നൽകണം.

വാക്സിനേഷൻ ദൗത്യം പൂർത്തിയാക്കാനുള്ള പദ്ധതി എന്തെന്ന് കൃത്യമായി അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അതേസമയം, വാക്സിൻ നിലപാട് അറിയിക്കാൻ സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നിർദേശം കൊടുത്തു. ജൂൺ മുപ്പതിന് വാക്സിൻ വിഷയം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published.