ഇലക്ട്രിക് വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം

India News

രാജ്യത്ത് ഇന്ധന വില അനുദിനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇല്ക്ട്രിക് വാഹനങ്ങളിലേക്ക് ചുവട് മാറ്റുകയാണ് പലരും. അന്തരീക്ഷ മലിനീകരണം കുറയുമെന്നതിനാല്‍ സര്‍ക്കാരുകളും ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതിനായി പലവിധ സബ്‌സിഡികളും വായ്പ്പകളുമെല്ലാം നല്‍കാറുണ്ട്. ഇപ്പോഴിതാ ഇലക്ട്രിക് വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നടപടി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഫീസ് ഒഴിവാക്കുകയാണെന്ന് കരടു വിജ്ഞാപനത്തില്‍ പറയുന്നു. ഇതില്‍ എതിരഭിപ്രായമുള്ളവര്‍ മുപ്പത് ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണം. പൊതുജനങ്ങളില്‍നിന്നും ബന്ധപ്പെട്ട മറ്റുള്ളവരില്‍നിന്നുമുള്ള പ്രതികരണം കൂടി പരിഗണിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.