ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല: മമത

India News

ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യയെ തിരികെ വിളിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രിയുടെ അവലോകന യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ പിന്‍വലിച്ച് കേന്ദ്രം ഉത്തരവ് ഇറക്കിയത്. പുതിയ സംഭവത്തോടെ ബംഗാള്‍ സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തി. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനം ഞെട്ടലുണ്ടാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തിന്റെ നിര്‍ണായക നിമിഷത്തില്‍ ചീഫ് സെക്രട്ടറിയെ വിട്ടുനല്‍കാന്‍ ബംഗാളിന് ആവില്ലെന്നും കാട്ടിയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. പരിചയസമ്പന്നനായ ഉദ്യോഗസ്ഥന്റെ സേവനം നിലവിലെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. കൂടിയാലോചനയോ മുന്‍കൂര്‍ നോട്ടീസോ ഇല്ലാതെ ചീഫ് സെക്രട്ടറിയെ പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നതെന്നും മമത കത്തില്‍ വ്യക്തമാക്കു്ന്നുണ്ട്്.

ആലാപന്‍ ബന്ധോപാധ്യായ ഇന്ന് രാവിലെ 10ന് പഴ്‌സണല്‍ മന്ത്രാലത്തിന് മുന്‍പാകെ ഹാജരാകണമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ്. 1987 ഐഎഎസ് ബാച്ചുകാരനായ ആലാപന്‍ ഉപാധ്യായയുടെ ഔദ്യോഗിക കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് മൂന്ന് മാസം കൂടി അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയിരുന്നു. യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിന് 28ന് ബംഗാളിലെ കലൈകുണ്ഡയില്‍ നടന്ന യോഗത്തില്‍ മമതയും ചീഫ് സെക്രട്ടറിയും പങ്കെടുത്തിരുന്നില്ല. 30 മിനിട്ടോളം വൈകി മമതയ്‌ക്കൊപ്പം എത്തിയ ചീഫ് സെക്രട്ടറി നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയശേഷം മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published.