ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍

India News

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാരില്‍ കൂടുതല്‍ ആളുകൾ രംഗത്ത്. മുന്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍മാരായ ജഗദീഷ് സാഗര്‍, വജാഹത് ഹബീബുല്ല, രാജീവ് തല്‍വാര്‍, ആര്‍. ചന്ദ്രമോഹന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ ഇടപെടലുകള്‍ ദ്വീപില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കത്തു അയച്ചത്.

നേരത്തെ ഉമേഷ് സൈഗാള്‍ ഐ.എ.എസ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇന്റർനെറ്റ് അധിഷ്ഠിത തൊഴിലവസരങ്ങൾ ലക്ഷദ്വീപിൽ ഒരുക്കുകയാണ് ഭരണകൂടം അടിയന്തിരമായി ചെയ്യേണ്ടതെന്നും അഡ്മിനിസ്ട്രേഷൻ നിർദേശിച്ച പുതിയ പരിഷ്കാരങ്ങളെല്ലാം ദ്വീപിനും ദ്വീപ് നിവാസികൾക്കും വിനാശകരമാണെന്നും ഉമേഷ് സൈഗാള്‍ അറിയിച്ചിരുന്നു.

ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ കൂടുതല്‍ പ്രമുഖര്‍ പ്രതികരണങ്ങളുമായെത്തിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ മോഹിനി ഗിരി, മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗം സൈദ ഹമീദ് എന്നിവരും ഉപരാഷ്ട്രപതിക്കും കേരള ഗവര്‍ണര്‍ക്കും കത്തെഴുതി. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന മുന്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ വജാഹത് ഹുസൈനും ഉപരാഷ്ട്രപതിക്കും കേരള ഗവര്‍ണര്‍ക്കും കത്തെഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published.