വാക്‌സിനും ഓക്‌സിജനും പ്രധാനമന്ത്രിയും കാണാനില്ലെന്ന് രാഹുൽ ഗാന്ധി

India News

രാജ്യത്ത് കൊവിഡ് വാക്സിനും ഓക്സിജനും മാത്രമല്ല പ്രധാനമന്ത്രിയെയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സെൻട്രൽ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണ് ഇന്ത്യയിൽ അവശേഷിക്കുന്നത് എന്ന് രാഹുൽ പരിഹസിച്ചു. പ്രധാനമന്ത്രിയേയും വാക്സിനുകൾക്കും ഓക്സിജനും മരുന്നുകൾക്കുമൊപ്പം കാണാനില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപനം തടയാൻ നടപടി സ്വീകരിക്കാതെ, പ്രതിപക്ഷ വിമർശനങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വാക്സിൻ ക്യാംപെയിൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കൾ നേരത്തെ കത്തയച്ചിരുന്നു. കോൺഗ്രസും സിപിഐഎമ്മും അടക്കം പന്ത്രണ്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് തയാറാക്കിയ കത്തിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ വിസ്ത പ്രൊജക്ടിന്റെ നിർമാണം നിർത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.