സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി ഇന്ത്യൻ എംബസി ‘; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

India News

ന്യൂഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി തുടങ്ങിക്കഴിഞ്ഞു. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നുവെന്നും വി.മുരളീധരൻ വ്യക്തമാക്കി .അതേസമയം സൗമ്യയുടെ മരണം രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് മന്ത്രി വി. മുരളീധരന്‍. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

ഇസ്രയേല്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് മുരളീധരന്‍ നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച ഗാസയില്‍നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രയേലി പട്ടണമായ അഷ്‌കെ ലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കഴിയുന്ന സൗമ്യ അവിടെ കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്. ഈ വർഷം നാട്ടിലേക്ക് വരാനിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് യാത്ര മുടങ്ങുകയായിരുന്നു.

വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഭാര്യയെ പുകപടലങ്ങൾ മൂടുന്നത് കണ്ട ഞെട്ടലിലാണ് ഭർത്താവ് സന്തോഷ്. സന്തോഷുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് സൗമ്യ ജോലി ചെയ്തിരുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുന്നത്.

ഇതിനിടെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൗമ്യ സന്തോഷിൻ്റെ കുടുംബം കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ സഹായം തേടി. ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൗമ്യയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസും ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.