ബന്ധുക്കൾക്ക് ഉടൻ പണം കിട്ടും; കടൽക്കൊല കേസ് നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രം

India News

വിവാദമായ കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച വിധി വരും. കേന്ദ്രസർക്കാരിന്റെയും ഇറ്റലിയുടെയും ആവശ്യം അംഗീകരിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.

നഷ്ടപരിഹാരത്തുകയുടെ വിതരണം, നിക്ഷേപം എന്നിവയിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കഴിയുമെന്നും ജസ്റ്റിസ് എം ആർ ഷാ പറഞ്ഞു. നഷ്ടപരിഹാരത്തുക കുടുംബങ്ങളെ നേരിട്ട് ഏൽപ്പിക്കാവുന്നതാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കോടതി ഉത്തരവനുസരിച്ചുള്ള പത്ത് കോടി രൂപ നഷ്ടരപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. 9 വർഷത്തിന് ശേഷമാണ് കടൽക്കൊല കേസിലെ നടപടികൾ അവസാനിക്കാൻ പോകുന്നത്.

കേസിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും നൽകേണ്ട പത്ത് കോടി രൂപ കെട്ടിവച്ചാലേ നടപടി അവസാനിപ്പിക്കൂ എന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. 2012ലാണ് കേരളത്തിലെ സമുദ്രാതിർത്തിയിൽ രണ്ട് മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. ഇറ്റാലിയൻ നാവികർ മാസിമിലാനോ ലാത്തോറേയ്, സാൽവത്തോറെ ജിറോൺ എന്നിവരാണ് കേസിലെ പ്രതികൾ.