കേരളത്തിന് വരുമാനക്കമ്മി നികത്താന്‍ 1657.58 കോടി അനുവദിച്ച് കേന്ദ്രം

India Keralam News

2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി നികത്താന്‍ കേരളത്തിന് 1657.58 കോടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ സംസ്ഥാനത്തിന് ആകെ കിട്ടിയത് 4972.74 കോടിയായി. കടമെടുപ്പ് പരിധി ഉയര്‍ത്തി നല്‍കാനുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയും കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് ശേഷം അംഗീകരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഗ്രാന്റ് അനുവദിക്കുന്നത്. 15-ാമത് ധനകാര്യ കമ്മീഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,18,452 കോടി രൂപയുടെ ഗ്രാന്റ് ശുപാര്‍ശ ചെയ്തു. ഇത് 12 പ്രതിമാസ തവണകളായി സംസ്ഥാനങ്ങള്‍ക്ക് കിട്ടും. 2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി നികത്താനുള്ള കേന്ദ്ര സഹായത്തിന്റെ മൂന്നാം പ്രതിമാസ ഗഡു ആണ് അനുവദിച്ചത്.

17 സംസ്ഥാനങ്ങള്‍ക്കായി 9871 കോടി രൂപയുടെ നിര്‍ദേശം കേന്ദ്ര ധനവിനിയോഗ വകുപ്പ് അംഗീകരിച്ചു. 36,800 കോടി രൂപ ഈ വര്‍ഷം കടമെടുക്കാനാണ് കേരളത്തിന്റെ ശ്രമം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടി കേരളം കടമെടുത്തിരുന്നു. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ സംസ്ഥാനം കടമെടുത്തിട്ടുണ്ട്.