രാജസ്ഥാനില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, അധ്യാപകന്‍ ഒളിവില്‍

India News

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ ആറാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. വയറുവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി രക്ഷിതാക്കളോട് പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. അധ്യാപകന്‍ തുടര്‍ച്ചയായി തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതായി വിദ്യാര്‍ഥിനി പറയുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തകയും ചെയ്തു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്നും മറ്റൊരു സഹ അധ്യാപകന്‍ ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ രണ്ട് അധ്യാപകരും ഒളിവിലാണ്. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.