പതഞ്ജലിയുടെ കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍, മില്ല് സീല് ചെയ്തു

India News

ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി വില്‍ക്കുന്ന കടുക് എണ്ണ നിലവാരം കുറഞ്ഞതാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സിംഹാന ഓയില്‍ മില്‍ പതഞ്ജലിക്ക് നല്‍കിയ അഞ്ച് സാമ്പിളുകളും പരീക്ഷണത്തില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇവ ആവശ്യമായ ഗുണനിലവാരമില്ലാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പതഞ്ജലി കടുക് എണ്ണയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷ പ്രാദേശിക ഭരണകൂടത്തിന്റെ സാന്നിധ്യത്തില്‍ മെയ് 27നാണ് ടെസ്റ്റ് ചെയ്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. അല്‍വാറിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പതഞ്ജലി കടുക് എണ്ണ പാക്ക് ചെയ്തിട്ടുള്ള സഞ്ചിയും കുപ്പിയും നിലവാരമില്ലാത്ത വസ്തുക്കളാണെന്ന് കണ്ടെത്തിയതായും മീണ പറഞ്ഞു. ശ്രീ ശ്രീ തത്വ ബ്രാന്‍ഡിന്റെ കടുക് എണ്ണക്കും ഇതേ ഫലം ലഭിച്ചു. എന്നാല്‍, പതഞ്ജലി ഔദ്യോഗികമായി ഇതിനെക്കുറിച്ച് ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച മുമ്പ് അല്‍വാര്‍ കളക്ടറേറ്റ് അധികൃതര്‍ സിങ്കാനിയ ഓയില്‍ മില്ലില്‍ റെയ്ഡ് നടത്തിയിരുന്നു. അവിടെനിന്ന് പതഞ്ജലിയുടെ പാക്കിങ് പൌച്ചുകളും കണ്ടെടുത്ത ശേഷം മില്ലിന് അധികൃതര്‍ സീല്‍ വെച്ചു.