അസാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

India News

രാജസ്ഥാൻ: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിവാദ ആത്മീയന്‍ അസാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ചികിത്സയുടെ പേരില്‍ രാജസ്ഥാനില്‍ നിന്ന് കസ്റ്റഡി മാറ്റാനുള്ള നീക്കമാണ് അസാറാം ബാപ്പു നടത്തുന്നതെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം മാറ്റം നിയമ പ്രക്രിയയുടെ ദുരുപയോഗമാണ്. അസാറാം ബാപ്പുവിന് ഇപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളില്ല. അറസ്റ്റിലായ ദിവസം മുതല്‍ അടിയന്തര വൈദ്യസഹായം ലഭിക്കുമെന്ന ആശങ്ക പ്രതി ഉന്നയിക്കുകയായിരുന്നു. ഡോക്ടറുടേതെന്ന പേരില്‍ സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ഒരു സന്ദര്‍ഭത്തില്‍ തെറ്റാണെന്ന് പോലും കണ്ടെത്തിയെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വിശദീകരിച്ചു.

2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതികളുടെ പേരില്‍ ചുമത്തിയിരുന്നു. അസാറാമിനു പുറമേ, ശിവ, ശില്പി, പ്രകാശ് എന്നിവരും പ്രതികളാണ്. അസാറാമിനെതിരേ ഗുജറാത്തിലും ഒരു ബലാത്സംഗക്കേസുണ്ട്.