‘ക്ഷേത്രഭൂമി എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടേത് തന്നെ’; ചരിത്രവിധിയുമായി മദ്രാസ് ഹൈക്കോടതി

India News

ചെന്നൈ: തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ചരിത്രപരമായ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട പഠനത്തിനും മൂല്യനിര്‍ണയത്തിനുമായി 17 അംഗ സമിതിക്ക് രൂപം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കി. ക്ഷേത്ര ഭൂമികള്‍ എല്ലായ്പ്പോഴും ക്ഷേത്രഭൂമികള്‍ തന്നെയായിരിക്കുമെന്ന് വിധി പുറപ്പെടുവിക്കവെ കോടതി വ്യക്തമാക്കി. ക്ഷേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം പൊതുതാത്പര്യ ഹര്‍ജികളില്‍ ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് പിഡി ഔടികേശവലു എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. 224 പേജ് വരുന്ന വിധിയില്‍ 75 ഇന മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. വിധി ഹിന്ദു റിലീജ്യസ് ആന്റ് കള്‍ച്ചറല്‍ എന്‍ഡോവ്മെന്റ് ആക്ടില്‍ സമൂല പരിഷ്‌കാരങ്ങള്‍ക്ക് വഴിവയ്ക്കും.

‘ക്ഷേത്ര ഭൂമികള്‍ എല്ലായ്പ്പോഴും ക്ഷേത്രഭൂമികള്‍ തന്നെയായിരിക്കും. ബന്ധപ്പെട്ട അധികൃതരുടെ (ദാതാവ്) ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി ക്ഷേത്രഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കരുത്. ‘പൊതു ആവശ്യങ്ങള്‍ക്കായി’ എന്ന ആശയം ക്ഷേത്രഭൂമികള്‍ക്കു മേല്‍ പ്രയോഗിക്കരുത്’ – കോടതി ആവശ്യപ്പെട്ടു. എട്ടാഴ്ചയ്ക്കകം ചരിത്രത്തിലും വാസ്തുകലയിലും വൈദഗ്ദ്ധ്യമുള്ള സമിതി ജില്ലാ തലങ്ങളില്‍ രൂപീകരിക്കണം. ക്ഷേത്രങ്ങളിലെ പുരാതന വിഗ്രഹങ്ങളുടെ കണക്ക്, മറ്റു പുരാവസ്തുക്കള്‍ എന്നിവയുടെ കണക്കെടുക്കണം. എല്ലാ ക്ഷേത്രങ്ങള്‍ക്കും 24 മണിക്കൂര്‍ വീഡിയോ നിരീക്ഷണ സംവിധാനമുള്ള സ്ട്രോങ് റൂമുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ട്രസ്റ്റികള്‍ ഇല്ലാത്ത ക്ഷേത്രങ്ങളുടെ കണക്കു നല്‍കണം- കോടതി ആവശ്യപ്പെട്ടു.