പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താടി വടിക്കാന്‍ 100 രൂപ അയച്ച് ചായക്കടക്കാരന്‍: ഒപ്പം കുറിപ്പും

India News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ അയച്ച് മഹാരാഷ്ട്രയിലെ ബരാമതിയിലുള്ള ചായക്കടക്കാരന്‍. ലോക്ഡൗണ്‍ കാരണം അസംഘടിത മേഖല തകിടം മറിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്നോണം അനില്‍ മോറെ എന്ന ചായക്കടക്കാരന്‍ 100 രൂപ പ്രധാനമന്ത്രിക്ക് അയച്ചത്. അനില്‍ മോറെയുടെ കട ഇന്ദാപൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ താടി വളര്‍ത്തിയിരിക്കുന്നു. എന്തെങ്കിലും വളര്‍ത്തണമെങ്കില്‍ അത് രാജ്യത്തിന്റെ തൊഴിലവസരങ്ങളായിരിക്കണം. ജനങ്ങള്‍ക്ക് കോവിഡ് വാകിസിന്‍ നല്‍കാനുള്ള ശ്രമങ്ങളായിരിക്കണം. നിലവിലുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതാവണം. അവസാന രണ്ട് ലോക്ഡൗണില്‍ നിന്ന് ജനങ്ങള്‍ മുക്തരായെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്നും മണി ഓര്‍ഡറിനൊപ്പം അയച്ച സന്ദേശത്തില്‍ അനില്‍ മോറെ പറയുന്നു.

രാജ്യത്തെ ഏറ്റവും ഉന്നത പദവിയാണ് പ്രധാനമന്ത്രിയുടേത്. അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. അതുകൊണ്ടുതന്നെ എന്റെ സമ്പാദ്യത്തില്‍നിന്ന് അദ്ദേഹത്തിന്റെ താടി വടിക്കാന്‍ ഞാന്‍ 100 രൂപ അയച്ചുനല്‍കുന്നു. കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ലോക്ഡൗണില്‍ പ്രായസപ്പെടുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപ ധനസഹായം നല്‍കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നു.