യുപി തെരഞ്ഞെടുപ്പിന് മാസങ്ങള്‍; ഇലക്ഷന്‍ കമ്മിഷണറായി യോഗിയുടെ മുന്‍ ചീഫ് സെക്രട്ടറി

India News

ലഖ്നൗ: ഉത്തര്‍പ്രദേശിലെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ യോഗി ആദിത്യനാഥിന്റെ മുന്‍ ചീഫ് സെക്രട്ടറിയെ ഇലക്ഷന്‍ കമ്മിഷണറായി നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ അനൂപ്ചന്ദ്ര പാണ്ഡെയെയാണ് കേന്ദ്രനിയമ മന്ത്രാലയം പുതിയ കമ്മിഷണറായി നിയോഗിച്ചത്. രാഷ്ട്രപതി നിയമനത്തിന് അംഗീകാരം നല്‍കി. മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വിരമിച്ച ഒഴിവിലേക്കാണ് പാണ്ഡെയുടെ നിയമനം.

ഉത്തര്‍പ്രദേശിന് പുറമേ, അടുത്തവര്‍ഷം നടക്കുന്ന പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും പാണ്ഡെ അടങ്ങുന്ന മൂന്നംഗ കമ്മിഷനാണ് മേല്‍നോട്ടം വഹിക്കുക. സുശീല്‍ ചന്ദ്രയാണ് നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍. രാജീവ് കുമാറാണ് മറ്റൊരു അംഗം. 2024 ഫെബ്രുവരി വരെയാണ് പാണ്ഡെയുടെ കാലാവധി. കാലാവധി നീട്ടിനല്‍കിയാല്‍ 2024 മാര്‍ച്ച്-ഏപ്രിലില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും മേല്‍നോട്ടം വഹിക്കുക ഇദ്ദേഹമായിരിക്കും. യോഗി ആദിത്യനാഥിന് കീഴില്‍ യുപി ചീഫ് സെക്രട്ടറിയായിരിക്കെ 2019 ഓഗസ്റ്റിലാണ് പാണ്ഡെ സര്‍വീസില്‍ നിന്ന് വിരമിച്ചത്. കല്യാണ്‍ സിങ് സര്‍ക്കാറിന്റെ മുതല്‍ സംസ്ഥാനത്തെ നിരവധി തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. പ്രയാഗ് രാജില്‍ കുംഭമേള നടത്തിയതിന്റെയും നിക്ഷേപ ഉച്ചകോടി നടത്തിയതിന്റെയും മേല്‍നോട്ടം ഇദ്ദേഹത്തിനായിരുന്നു.