പുതിയ വാക്‌സിന്‍ നയം നടപ്പാക്കാന്‍ 50,000 കോടി ചെലവ് വരുമെന്ന് ധനമന്ത്രാലയം

Health India News

കേന്ദ്രസര്‍ക്കാറിന്റെ പുതിയ വാക്‌സിന്‍ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം. ആവശ്യമുള്ള പണം സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും സപ്ലിമെന്ററി ഗ്രാന്റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ധനകാര്യമന്ത്രാലയം എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവര്‍ക്ക് ആവശ്യമായ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വിദേശകമ്പനികളില്‍ നിന്ന് വാക്‌സിന്‍ വാങ്ങുന്നത് നിലവില്‍ പരിഗണിക്കുന്നില്ല. ഫൈസര്‍, മോഡേണ കമ്പനികളുമായി ചര്‍ച്ച നടക്കുന്നതായും അന്തിമ ധാരണയായിട്ടില്ലെന്നുമാണ് സൂചന. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.