ഞങ്ങളെ കേള്‍ക്കാന്‍ നാല് മാസം വേണ്ടി വന്നു, ഒരുപാട് ജീവന്‍ നഷ്ടമായി: മമത ബാനര്‍ജി

India News

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഒരുപാട് വൈകിപ്പോയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തീരുമാനം വൈകിയതുമൂലം ഒരുപാടുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും മമത കൂട്ടിച്ചേര്‍ത്തു. ‘സംസ്ഥാനങ്ങളുടെ പരാതി കേള്‍ക്കാന്‍ പ്രധാനമന്ത്രിക്ക് നാലു മാസം വേണ്ടിവന്നു. വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021 ഫെബ്രുവരി മുതല്‍ നിരവധി തവണ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കടുത്ത സമ്മര്‍ദങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നു നാലു മാസത്തിനു ശേഷമാണ് തീരുമാനമുണ്ടാകുന്നത്. ഏറെ നാളായി ഞങ്ങള്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാനും നടപ്പാക്കാനും ഒടുവില്‍ അദ്ദേഹം തയാറായി.’ മമത ട്വിറ്ററില്‍ കുറിച്ചു.

മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമായിരുന്നു മുന്‍ഗണന നല്‍കേണ്ടിയിരുന്നത്. പ്രധാനമന്ത്രി വൈകി തീരുമാനമെടുത്തതു മൂലം നിരവധി ജീവനുകള്‍ നഷ്ടമായിക്കഴിഞ്ഞു. ഇനിയെങ്കിലും പ്രചാരണത്തിലൂന്നിയല്ലാതെ ജനങ്ങളില്‍ ഊന്നിയ വാക്സിന്‍ ദൗത്യം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. മമത പറഞ്ഞു. സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരന്തരമായ സമ്മര്‍ദ്ദവും സുപ്രീം കോടതിയുടെ വിമര്‍ശനവും നിരന്തരമേറ്റതിന് ശേഷമാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തുന്നുവെന്ന തീരുമാനത്തില്‍ കേന്ദ്രമെത്തിയത്. 8 വയസിനു മുകളിലുള്ളവര്‍ക്കായി ജൂണ്‍ 21 മുതല്‍ സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി വാക്സീന്‍ നല്‍കുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.