സാമ്പത്തിക തട്ടിപ്പ്; മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് ദക്ഷിണാഫ്രിക്കയില്‍ തടവുശിക്ഷ

India News

സാമ്പത്തിക തട്ടിപ്പ് കേസില്‍ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് ദക്ഷിണ ആഫ്രിക്കയില്‍ തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത രാംഗോബിനാണ് ഡര്‍ബന്‍ കോടതി ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ആറ് മില്യണ്‍ റാന്‍ഡിന്റെ ( മൂന്നേകാല്‍ കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ശിക്ഷ. തട്ടിപ്പിന് പുറമെ വ്യാജരേഖ ചമക്കല്‍ അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞ പശ്ചാത്തലത്തിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ചരക്കിന് ഇറക്കുമതി – കസ്റ്റംസ് തീരുവകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി വ്യവസായിയായ ആര്‍.എസ് മഹാരാജില്‍ നിന്നും പണം വെട്ടിച്ചു എന്നതാണ് പരാതി. 2015ലാണ് ഇവര്‍ക്കെതിരെ കേസില്‍ വിചാരണ തുടങ്ങുന്നത്. ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ വയലന്‍സില്‍’ പങ്കാളിത്ത വികസന സംരംഭത്തിന്റെ സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു രാംഗോബിന്‍. പരിസ്ഥിതി-സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആക്ടിവിസ്റ്റ് എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.