കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളില്ല: ഡോ.വി.കെ പോള്‍

Health India News

രണ്ടാം തരംഗത്തിന് ശേഷം വരാന്‍ പോകുന്നത് മൂന്നാം തരംഗമാണെന്നും ഇത് കുട്ടികളെ ആയിരിക്കും ബാധിക്കുന്നത് എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ.വി.കെ പോള്‍. മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കുമെന്നതിന് ഉറപ്പില്ല. വാക്‌സിനെടുത്ത മുതിര്‍ന്നവര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനാകുമെന്നും വി.കെ പോള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുകയെന്ന് തെളിയിക്കുന്നതിന് ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എയിംസ് ഡല്‍ഹി ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ അറിയിച്ചു.

കുട്ടികളെ സംരക്ഷിക്കുന്നതിനായി മാതാപിതാക്കളോട് വാക്‌സിനെടുക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മുതിര്‍ന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയാല്‍ കുട്ടികളിലേക്ക് വൈറസ് പടരുന്നത് തടയുമെന്നും വി.കെ പോള്‍ പറഞ്ഞു. മാതാപിതാക്കള്‍ ഭയപ്പെടേണ്ടെന്നും മൂന്നാം തരംഗം കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത തരംഗത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ചെറിയൊരു ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് കടുത്ത അണുബാധയുണ്ടായതെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. എന്നാല്‍ വലിയൊരു വിഭാഗം കുട്ടികളിലും രോഗം ബാധിച്ചിട്ടും ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്നും മറുവാദമുണ്ട്.