മഞ്ചേശ്വരം സീറ്റ് കോഴക്കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകും

India News

മഞ്ചേശ്വരത്ത് കെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ കൊടുത്തെന്ന കേസില്‍ അന്വഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ കേസ് ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ കൊടുത്തതിന് പുറമെ ഭീഷണിപ്പെടുത്തി തടങ്കലില്‍ പാര്‍പ്പിച്ചെന്നുമുള്ള സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ കൂടി കേസില്‍ കൂട്ടി ചേര്‍ക്കും. ബദിയടുക്ക പൊലീസ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കേസില്‍ കെ സുരേന്ദ്രന് പുറമെ കൂടുതല്‍ ആളുകളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കമുണ്ട്. ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.