ശമ്പളം കൊടുക്കാന്‍ പണമില്ല; പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി മുംബൈയിലെ ഹയാത്ത് റീഗന്‍സി

India News

മുംബൈ: ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മുംബൈയിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടല്‍ ഹയാത്ത് റീഗന്‍സി താല്‍ക്കാലികമായി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടഞ്ഞു കിടക്കുമെന്ന് മാനേജ്മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് പ്രശസ്തമായ ഹോട്ടല്‍. ഏഷ്യന്‍ വെസ്റ്റ് ലിമിറ്റഡാണ് ഹോട്ടലിന്റെ ഉടമസ്ഥര്‍. അന്താരാഷ്ട്ര ബുക്കിങ്ങുകള്‍ വരെ എടുക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

ഉടമസ്ഥരായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡില്‍ നിന്ന് പണം വരാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. ബുക്കിങ് ചാനലുകളിലൂടെയുള്ള റിസര്‍വേഷനും ലഭ്യമായിരിക്കില്ല. പ്രശ്നം പരിഹരിക്കാന്‍ ഉടമസ്ഥരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്- ജനറല്‍ മാനേജര്‍ ഹര്‍ദീപ് മര്‍വ വ്യക്തമാക്കി. സഹര്‍ റോഡില്‍ 2002ലാണ് ഹയാത്ത് റീഗന്‍സി പ്രവര്‍ത്തനം ആരംഭിച്ചത്. മേഖലയില്‍ ആരംഭിച്ച ആറാമത്തെ പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു ഇത്. ഹോട്ടലില്‍ 401 മുറികളാണ് ഉള്ളത്. കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യത്തെ ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. പ്രതിന്ധിയെ തുടര്‍ന്ന് നിരവധി ചെറുകിട ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.