ഇവിടെ ജോലി നല്‍കുക ശാരീരിക വിശമതകളും, അംഗവൈകല്യം ഉള്ളവര്‍ക്കും മാത്രം

Feature

ഇവിടെ ജോലി നല്‍കുക ശാരീരിക വിശമതകളും, അംഗവൈകല്യം ഉള്ളവര്‍ക്കും മാത്രം. മറ്റു ജോലികള്‍ചെയ്യാന്‍ കഴിയുന്നവര്‍ക്കൊന്നും തന്റെ പക്കല്‍ ജോലി നല്‍കാനില്ലെന്നും എറണാകുളം കൂത്താട്ടുകുളം സ്വദേശി ബിഗില്‍ കെ. ബിനോയി പറയുന്നു. സെലിബ്രറ്റി ഓണ്‍ലൈന്‍ പ്രമോട്ടറും, സെലിബ്രറ്റി ഫോട്ടോഗ്രാഫറുമായ ബിഗില്‍ ‘യൂവി ഫിലിംസ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്രമോഷന്‍ സ്ഥാപനം നടത്തിവരികയാണ്. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ പ്രമോഷന്‍ ജോലിക്കുവേണ്ടിയായാണ് ശാരീരിക വിഷമതകളുള്ളവരെമാത്രം നിയമിക്കുന്നത്. മറ്റുജോലികളൊന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് യൂവി ഫിലിംസ് ഓണ്‍ലൈന്‍ പ്രമോഷന്‍ സ്ഥാപനത്തില്‍ ജോലിനല്‍കുന്നത്.

ഇവര്‍പുറത്തുവന്നു മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്തവരാണ്. ഇതിനാല്‍ തന്നെ ഇവര്‍ക്കു വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പ്രമോഷന്‍ ജോലികള്‍ ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ശരീരം അനങ്ങിയാല്‍ എല്ലുകള്‍ ഒടിഞ്ഞു നുറുങ്ങുന്ന ബ്രിട്ടില്‍ ബോണ്‍ ഡിസീസ് -അഥവാ ഓസ്റ്റിയോ ജനസിസ് ഇപംര്‍ഫെക്ട് അസുഖമുള്ള നാലുപേരും, അംഗവൈകല്യമുള്ള ഒരാളും അടക്കം അഞ്ചുപേരാണ് നിലവില്‍ യൂവി ഫിലിംസില്‍ ജോലിചെയ്യുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സമാന അസുഖങ്ങളുള്ള 10ലധികംപേര്‍ക്ക് ഇത്തരം ജോലി നല്‍കിയിരുന്നതായും ബിഗില്‍ പറഞ്ഞു. സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ കൈകാര്യം ചെയ്യല്‍, ട്രോള്‍ പേജുകളുടെ പ്രവര്‍ത്തനം എന്നിവയാണ് ഇവരുടെ ജോലി. മലയാളത്തിലെ വിവിധ സെലിബ്രിറ്റികളുടെ പേജുകള്‍ നിലവില്‍ ബിഗില്‍ കൈകാര്യംചെയ്യുന്നുണ്ട്.

തന്റെ സ്ഥാപനത്തില്‍ അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ള മറ്റു ജോലികള്‍ ചെയ്യാന്‍ പ്രയാസമുളളവര്‍ക്ക് ഇനിയും ജോലി നല്‍കാന്‍ ആഗ്രഹമുണ്ടെന്നും സ്ഥാപനത്തിന്റെ ഓരോ ഉയര്‍ച്ചയിലും ആവശ്യമാകുന്ന മുറക്ക് ഇത്തരത്തിലുള്ളവരെ കൂടുതലായി നിയമിക്കണമെന്നാണ് ആഗ്രഹമെന്നും ബിഗില്‍ പറഞ്ഞു. അതോടൊപ്പം തന്നെ ബിഗില്‍ പ്രൊഡ്യൂസ് ചെയ്യുകയും അഭിനയിക്കുകയും ചെയ്ത പെണ്ണ് എന്ന ഷോര്‍ട്ട് ഫിലിമിന് യൂട്യൂബില്‍ മാത്രം ഇതിനോടകം രണ്ടര കോടി കാഴ്ച്ചക്കാരുണ്ടായി. അഭിനയമോഹവുമായി സിനിമാ മേഖലയിലെത്തിയ ബിഗിലിന്റെ കയ്യില്‍നിന്നും ആറു വര്‍ഷം മുമ്പ് ഒരു യുവ സംവിധായകന്‍ ഒന്നര ലക്ഷം രൂപ പറഞ്ഞ് പറ്റിച്ച് തട്ടിയെടുത്ത ദുരനുഭവവും ബിഗിലിനുണ്ട്. ഈ അവസ്ഥയില്‍നിന്നാണ് സിനിമാ മേഖലയെ കുറിച്ച് കൂടുതല്‍ പഠിച്ച്് ഓണ്‍ലൈന്‍ പ്രമോഷന്റെ സാധ്യത മനസ്സിലാക്കിയത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞാല്‍ ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മന്നോട്ടുപോകുകയാണെന്നും ബിഗില്‍ പറഞ്ഞു.പുറത്തുപോയി ജോലിചെയ്യാന്‍ കഴിയാത്ത ഇത്തരം കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നു ബിഗിലിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ പറയുന്നു.

വീട്ടിലിരുന്ന ഡാറ്റ എന്‍ട്രിപോലുള്ള ജോലികള്‍ ചെയ്തിട്ടും പലരും പണംനല്‍കാതെ തങ്ങളെ പറ്റിച്ചുവെന്നും ജീവനക്കാരിയായ ആലപ്പുഴ സ്വദേശിയായ സൂര്യാസോമന്‍ പറഞ്ഞു. അസ്ഥി ഒടിഞ്ഞുപോകുന്ന അസുഖമുള്ള തനിക്ക് പുറത്തേക്ക് പോയി ജോലി ചെയ്യാന്‍ ഉള്ള അവസ്ഥ ഇല്ലാതിരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു അവസരം വീട്ടിലേക്ക് തേടി വന്നതെന്നും ഇപ്പോള്‍ തനിക്ക് എന്റേതായ ചെറിയ വരുമാനം വീട്ടില്‍ കൊടുക്കാന്‍ സാധിക്കുന്നതായും കായംകുളം സ്വദേശി അഞ്ജലി പറഞ്ഞു. ശരീരം അനങ്ങിയാല്‍ എല്ലുകള്‍ ഒടിഞ്ഞു നുറുങ്ങുന്ന അസുഖമുള്ള തനിക്കൊരു ജോലിചെയ്യാന്‍ പറ്റുമെന്നും സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നും സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്നും പാലക്കാട് തൃപ്പാളൂര്‍ സ്വദേശി സജിത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *