ലൂഡോയില്‍ വിജയിക്കാന്‍ വേണ്ടത് ഭാഗ്യമോ കഴിവോ: കേസ് ബോംബെ ഹൈക്കോടതിയില്‍

Entertainment India News

ലോക്ഡൗണ്‍ കാലത്ത് വളരെയധികം ജനപ്രീതി ലഭിച്ച ഗെയിമാണ് ലൂഡോ. വളരെ സ്വീകാര്യത ലഭിച്ച ലൂഡോ മൊബൈല്‍ ഗെയിമില്‍ വിജയിക്കുന്നത് കഴിവ് കൊണ്ടാണോ ഭാഗ്യം കൊണ്ടാണോ എന്നത് പൊതുവെ ഉയര്‍ന്നുവരുന്ന ചോദ്യമാണ്. എന്നാല്‍ ഈ ചോദ്യം ഇപ്പോള്‍ കോടതിയില്‍ കേസായിരിക്കുകയാണ്. ഇത്തരമൊരു കേസില്‍ വിധി പറയേണ്ട ആവശ്യകത വന്നിരിക്കുന്നത് ബോംബെ ഹൈക്കോടതിക്കാണ്. ഓണ്‍ലൈനിലെ കളി ചൂതാട്ടത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ശരിക്കുമുള്ള ബോര്‍ഡ് ഗെയിമില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ‘ലുഡോ സുപ്രീം’ നിര്‍മാതാക്കള്‍ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഒരു ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു.

ലുഡോയെ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കുന്ന ഒരു മത്സരം എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുന്ന മത്സരം ആയി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അംഗമായ കേശവ് മൂലെയാണ് കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാറിന്റെ പ്രതികരണം തേടിയിട്ടുണ്ട്. ഗെയിം നിര്‍മാതാക്കളായ കാഷ്‌ഗ്രെയില്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ മുലെ ലോക്കല്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ കേസെടുക്കാന്‍ തയാറായില്ല.