ഫെമിനിസ്റ്റുകളോട് അടുപ്പവുമില്ല, എതിര്‍പ്പുമില്ല, എന്താണെന്ന അറിവുമില്ല: സുബി സുരേഷ്

Entertainment News

ഫെമിനിസ്റ്റ്’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി അവതാരകയും നടിയുമായ സുബി സുരേഷ്. ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേര്‍ എത്തിയതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പലരും പലതരത്തിലാണ് വ്യാഖ്യാനിച്ചത്. എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന അറിവുമില്ല. വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്- സുബി ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു ചാനല്‍ പരിപാടിയിലെ കഥാപാത്രത്തിന്റെ വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് സുബി പങ്കുവെച്ചത്. കണ്ണടയും ചുവന്ന പൊട്ടും മൂക്കുത്തിയും കഴുത്തില്‍ ഷാളും ധരിച്ചുള്ളതായിരുന്നു ഫോട്ടോ. ഫോട്ടോയ്ക്ക് ചിരിക്കുന്ന സ്മൈലിയോടൊപ്പം ഫെമിനിസ്റ്റ് എന്ന ക്യാപ്ഷനും സുബി നല്‍കിയിരുന്നു. ഈ ചിത്രം ഫെമിനിസ്റ്റുകള്‍ക്കെതിരായ ബോധപൂര്‍വ്വമായ പരിഹാസമാണെന്ന തരത്തിലുള്ള കമന്റുകളാണ് ഇതിനു പിന്നാലെ വന്നത്. തുടര്‍ന്ന് സുബി ഫോട്ടോ ഡിലീറ്റ് ചെയ്യുകയായിരുന്നു.