സിബിഎസ്ഇ മൂല്യനിര്‍ണയത്തില്‍ തീരുമാനം ഉടന്‍

Education India News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തില്‍ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി അടിസ്ഥാനമാക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ തയാറെടുത്ത് സിബിഎസ്ഇ. ഈ രീതി സ്വീകരിക്കുന്നത് ഉചിതമെന്ന വിദ്യഭ്യാസ വിദഗ്ദരുടെ അഭിപ്രായം കണക്കിലെടുത്താണ് സിബിഎസ്ഇയുടെ നടപടി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് മൂല്യനിര്‍ണയ മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കാനാണ് ഇപ്പോള്‍ സിബിഎസ്ഇയുടെ ശ്രമം. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം ജൂലൈയില്‍ നടക്കും. മൂല്യനിര്‍ണയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് തൃപാഠി പറഞ്ഞു. ആശങ്ക വേണ്ടെന്നും സമാധാനത്തോടെ ഇരിക്കണമെന്നും വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടും അദ്ദേഹം പറഞ്ഞു.

മൂല്യനിര്‍ണയത്തിന് രണ്ട് ഓപ്ഷനുകളാണ് സിബിഎസ്ഇ പ്രധാനമായും പരിഗണിക്കുന്നത്. 10, 11 ക്ലാസുകളിലെ മാര്‍ക്കുകളും പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കുകളും പരിഗണിക്കുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് പത്താം ക്ലാസിലെ മാര്‍ക്കും ഇന്റേണല്‍ മാര്‍ക്കും മാനദണ്ഡമാക്കുക എന്നതാണ്. മൂല്യനിര്‍ണയ രീതിയില്‍ പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരവും നല്‍കും. ഇതില്‍ ആദ്യനിര്‍ദേശമാണ് ഉചിതവും പ്രായോഗികവുമെന്ന് വിദ്യാഭ്യാസ വിദഗ്ദര്‍ സിബിഎസ്ഇയോട് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം പരീക്ഷ റദ്ദുചെയ്യണമെന്നും ഫലപ്രഖ്യാപനം ഉടന്‍ നടത്തണമെന്നും അഭിഭാഷകനായ മമതാ ശര്‍മ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കിയ വിവരവും പരീക്ഷാ മൂല്യനിര്‍ണയവും സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ ധരിപ്പിക്കും. പരീക്ഷകളില്‍ ദേശീയ ഏകീകൃത നയം വേണമെന്ന ആവശ്യമുന്നയിക്കുന്ന മറ്റൊരു ഹര്‍ജിയും മമതാ ശര്‍മ ഇന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കും.

Leave a Reply

Your email address will not be published.